ഹൂസ്റ്റൺ: ഗ്രേറ്റർ ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ (മാഗ്) 2026ലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ റോയ് മാത്യു നയിക്കുന്ന "ടീം യുണൈറ്റഡ്' പാനലിൽ നിന്ന് പ്രമുഖ കലാകാരനും സംഘാടകനുമായ ഷിനു എബ്രഹാം ജനവിധി തേടുന്നു.
പ്രഫഷണൽ സൗണ്ട് എൻജിനിയറും ഗായകനുമായ ഷിനു, ഹൂസ്റ്റണിലെ സാംസ്കാരിക കൂട്ടായ്മകളിൽ സജീവമാണ്. 2019ൽ മാഗ് പ്രോഗ്രാം കോഓർഡിനേറ്ററായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം പ്രോഗ്രാം കോർഡിനേറ്റർ, ഫിലാഡൽഫിയ എക്യുമെനിക്കൽ കൗൺസിൽ (മൂന്ന് വർഷം) ക്വയർ കോഓർഡിനേറ്റർ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
"സരഗം ഹൂസ്റ്റൺ ബാൻഡ്' ഉടമയായ ഷിനു, കലാകാരനെന്ന നിലയിൽ സമൂഹത്തിൽ സുപരിചിതനാണ്. 2017-2018 കാലയളവിൽ സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ചർച്ച് മാനേജിംഗ് കമ്മിറ്റി അംഗമായും ഫണ്ട് റൈസിംഗ് കോഓർഡിനേറ്ററായും സജീവമായിരുന്നു.
സൗഹാർദപരമായ പെരുമാറ്റവും വിശ്വസ്തതയും ബഹുമുഖ പ്രതിഭയുമുള്ള ഷിനു എബ്രഹാമിന്റെ സാന്നിധ്യം "ടീം യുണൈറ്റഡിന്' പുതിയ ഊർജം നൽകുന്നു.
റോയ് മാത്യു (പ്രസിഡന്റ്), ക്ലാരമ്മ മാത്യൂസ് (ട്രസ്റ്റി ബോർഡ്) എന്നിവർ നേതൃത്വം നൽകുന്ന പാനലിൽ വിനോദ് ചെറിയാൻ, സന്തോഷ് ആറ്റുപുറം, ഡോ. സുബിൻ ബാലകൃഷ്ണൻ, ജീവൻ സൈമൺ, സാജൻ ജോൺ, മൈക്കിൾ ജോയ്, ഷിനു എബ്രഹാം, സുനിൽ തങ്കപ്പൻ, അനില സന്ദീപ്, അമ്പിളി ആന്റണി, ബിജു ശിവൻ, ബനീജ ചെറു, ജിൻസ് മാത്യു, ഡെന്നിസ് മാത്യു തുടങ്ങിയവർ അണിനിരക്കുന്നു.
ഡിസംബർ 13ന് സ്റ്റാഫോർഡ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് ഹാളിൽ (2411 5th St, Stafford, TX 77477) വച്ചാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.